Thursday, October 04, 2012

ചിരി മറന്ന് കരയാം.....ആരെ തളളും ആരെ കൊളളും


വില.... അത് ഇത്രയും ഭയാനകമായ ഒരു വാക്കാണെന്ന് ശരാശരി മലയാളി ഒരിക്കലും കരുതിക്കാണില്ല. എന്നാല്‍, രണ്ടാം യുപിഎയും കേരളത്തിലെ കോണ്‍ഗ്രസ് മന്ത്രിസഭയും ചേര്‍ന്ന് നമുക്ക് ആ വാക്കിന്റെ യഥാര്‍ഥ ഭീകരത മനസ്സിലാക്കിത്തരികയാണെന്ന് തോന്നുന്നു.
ഡീസല്‍ വില, ഗ്യാസ് വില, വൈദ്യുതി വില, യാത്രക്കൂലി, ഭക്ഷണവില അങ്ങിനെ വിലകള്‍ മത്സരിച്ച് മുന്നേറുന്നു. വിലക്കയറ്റം സബ്‌സിഡി ഇല്ലാതാക്കല്‍ എന്നിവയെല്ലാം അടിസ്ഥാന-മധ്യ വര്‍ഗങ്ങളെ വല്ലാതെ ചകിതരാക്കുന്നുണ്ട്. നേരത്തേയും ഇക്കാര്യങ്ങളൊക്കെ നടന്നിട്ടുണ്ട് (വിലക്കയറ്റം). എന്നാല്‍, അന്നൊക്കെ കൊടിക്ക് ഏതു നിറമായിരുന്നാലും ഭരണം കൈയാളുന്നവര്‍ക്ക് ഇങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ ഒരു ധാര്‍മ്മികമായ കുറ്റബോധമുണ്ട് എന്നൊരു തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, ഇന്ന് കേരളീയരെയും ഭാരതീയരെയും കൂടുതല്‍ വിഷമിപ്പിക്കുന്നത് ഭരണവര്‍ഗം ഈ കയറ്റങ്ങളെ നിസംഗതയോടെ നോക്കിക്കാണുന്നതായിരിക്കും.
ഇപ്പോള്‍ ഒരു സാധാരണ വോട്ടറുടെ മനസ്സില്‍ അവന്റെ മൂല്യമില്ലായ്മ മാത്രമാവും കൊടികുത്തി വാഴുന്നത്. അവന്‍ ജീവിതത്തില്‍ ഒരിക്കലും കേട്ടിട്ടില്ലാത്ത അത്രയും വലിയ കോടികളുടെ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഒരു സര്‍ക്കാരിന് അവരെ മുദ്രകുത്തി അധികാര സ്ഥാനങ്ങളിലെത്തിക്കുന്ന ജനങ്ങളോട് അവര്‍ എന്തിന് വറചട്ടിയില്‍ പൊരിക്കപ്പെടുന്നു എന്ന് അറിയിക്കാനുള്ള ബാധ്യ്യതയില്ലേ?                                                                                  ബിസിനസിന്റെ (ലാഭനഷ്ടക്കണക്കുകള്‍ മാത്രം നോക്കിയുളള മാനേജ്‌മെന്റിനെ ഭരണമെന്ന് എങ്ങനെ പറയാനാവും) അളവുകോലിലൂടെ ഗ്യാസ് വിതരണത്തെ പോലും നോക്കിക്കാണുന്ന ഒരു സംസ്ഥാന സര്‍ക്കാരും സാമ്പത്തിക ഉദാരീകരണം തുടരുമെന്ന് ദയനീയ മുഖങ്ങള്‍ നോക്കാതെ പറയാന്‍ കഴിയുന്ന ഒരു പ്രധാനമന്ത്രിയും നമുക്കുണ്ട്. എന്നാല്‍, ഉദാരവല്‍ക്കരണത്തിന്റെ തുടര്‍ച്ചയില്‍ നാം മുണ്ടുമുറുക്കി ഉടുക്കേണ്ടി വന്നാല്‍ അതിന് എന്ത് ഗുണമുണ്ടാവും? അത് എന്നത്തേക്ക് നമുക്ക് ലഭിക്കും? ഇതൊക്കെ നാം തെരഞ്ഞെടുത്തുവിട്ട നേതാക്കള്‍ക്ക് അറിവുളള കാര്യങ്ങളാണോ? അവര്‍ ഇതിനെ കുറിച്ച് നമുക്ക് സുവ്യക്തമായി പറഞ്ഞുതരാനുളള കഴിവും ജ്ഞാനവുമുണ്ടോ? പറഞ്ഞു തരുമോ?
ഇല്ല എങ്കില്‍ നാം ജനാധിപത്യത്തിന്റെ ഗുണഫലങ്ങളല്ല മറിച്ച് 'നമ്മുടെ വലിയ തെറ്റി'ന്റെ തിക്തഫലങ്ങളാണ് അനുഭവിക്കുന്നത് എന്ന് പറഞ്ഞ് ആശ്വസിക്കേണ്ടി വരും. വിദേശ മാധ്യമങ്ങള്‍ നമ്മുടെ പ്രധാനമന്ത്രിയെ അതിരൂക്ഷമായി പരിഹസിച്ച ശേഷം മാത്രമാണ് സാമ്പത്തിക പരിഷ്‌കരണത്തിന്റെ 'തുടര്‍ച്ചയ്ക്ക്' ജീവന്‍ വച്ചത് എന്നു കൂടി കൂട്ടിവായിക്കേണ്ടി വരല്ലേ എന്ന് വെറുതേ പ്രാര്‍ഥിക്കുന്നു,
ജയ് ഭാരത്!