Friday, August 30, 2019

ലൈംഗിക വിദ്യാഭ്യാസം

വർഷങ്ങൾക്കു ശേഷം ബ്ളോഗിലേക്ക് മടങ്ങാൻ ഒരു ആശ. ആകെ നാല് പോസ്റ്റേ ഇതുവരെയായും പോസ്റ്റിയിട്ടുള്ളൂ..ന്താ ....ല്ലേ :)

ഈ പോസ്റ്റ് ഒരു സമകാലിക സംഭവത്തെക്കുറിച്ചുള്ള അവലോകനമോ വിശകലനമോ അല്ല. ഒരു ആശങ്ക മാത്രം. അത് വ്യക്തിപരമായിരിക്കാം സാമൂഹിക പ്രാധാന്യമുള്ളതായിരിക്കാം. എന്നാൽ ചർച്ച ചെയ്യേണ്ട ഒന്നാണെന്നു തോന്നുന്നു. ചർച്ചകൾ നടന്നിട്ടുണ്ട് എങ്കിലും പ്രാവർത്തികമാകാത്ത ഒരു വിഷയമാണിത്.
പറഞ്ഞുവരുന്നത് ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചാണ്. 
ഇക്കാലത്ത് സമൂഹ മാധ്യമങ്ങൾ തള്ളിക്കയറിക്കൊണ്ടിരിക്കുന്നത് പാകമല്ലാത്ത മനസ്സുകളിലും കൂടിയാണ്. ഇവിടെയെല്ലാം സുലഭമായ ലൈംഗികത ഇത്തരം മനസ്സുകളെ വികലമാക്കുന്നതിന്റെ പ്രതിഫലനം പത്രവാർത്തകളിലൂടെയും മറ്റും നാം നോക്കികാണുന്നുമുണ്ട്.
നമ്മുടെ (സങ്കൽപ്പിത) സാമൂഹിക രീതികൾക്ക് അനുസൃതമായല്ല ഇത്തരം സമൂഹ മാധ്യമങ്ങളുടെ പോക്ക്. അതിനാൽ ലൈംഗികതയെന്ന ‘പാപം’ അപക്വ മനസ്സുകളെ വല്ലാതെ ആകർഷിക്കുന്നതിൽ തെറ്റു പറയാൻ ആവുകയുമില്ല. എന്നാൽ, ഇവയൊന്നും മാറണം എന്നല്ല ഞാൻ പറയുന്നത്. അവ പുതിയ കുത്തൊഴുക്കിൽ മുന്നോട്ടു പോയിക്കൊള്ളട്ടെ. നമ്മുടെ കുട്ടികളിൽ, അവരുടെ മനസ്സുകളിൽ, ആണ് മാറ്റം വരേണ്ടത്.
ലൈംഗികത കിട്ടാക്കനിയല്ല. അത് സമയമാകുമ്പോൾ അനുഭവിക്കാൻ സാധിക്കും. അപക്വമായ പ്രായത്തിലെ ലൈംഗിക ഇടപെടൽ മൂലം മാനസികമായും ശാരീരികമായും ഉണ്ടാകുന്ന നഷ്ടങ്ങൾ (സെർവിക്കൽ ക്യാൻസർ ഉൾപ്പെടെ) എന്തൊക്കെ? അതിലുപരി, എന്താണ് ലൈംഗികത. ലൈംഗികാവയവങ്ങൾ, അവയുടെ ധർമ്മം, ശാരീരിക ബന്ധം എന്നിവയെല്ലാം നമ്മുടെ കുട്ടികൾ യഥാസമയം അറിയണം.
കൂട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന കെട്ടുകഥകളും അർധസത്യങ്ങളും ലൈംഗികതയെക്കുറിച്ചുള്ള പൊട്ടൻ സങ്കൽപ്പങ്ങൾ കുട്ടികളിൽ കുത്തിനിറയ്ക്കപ്പെടാൻ അനുവദിക്കരുത്.
ഇനിയെങ്കിലും സ്കൂൾതലത്തിൽ തന്നെ ശാസ്ത്രീയമായ രീതിയിൽ ലൈംഗിക വിദ്യാഭ്യാസം ആരംഭിച്ചിരുന്നെങ്കിൽ......

Labels: ,